Showing posts with label ആശംസ. Show all posts
Showing posts with label ആശംസ. Show all posts

Wednesday, September 17, 2025

ഒന്നിച്ചതിന്റെ ഇരുപതാം വർഷത്തിൽ ഒരു പ്രണയലേഖനം

ഒന്നിച്ചതിന്റെ ഇരുപതാം വർഷത്തിൽ ഒരു പ്രണയലേഖനം


 ഇ(ഒ)ന്ന് തിരിഞ്ഞുനോക്കുമ്പോൾ......

 ഒന്നിച്ചു ജീവിക്കാമെന്ന് അന്നൊരു നാൾ നാമെടുത്ത തീരുമാനം എത്ര അർത്ഥവത്തായിരുന്നെന്ന് ഇന്നും ഞാൻ അറിയുന്നു

 എന്റെ ചേതനയുടെ കടലാഴങ്ങളിൽ പൂർവ്വജന്മങ്ങളിലെങ്ങോ മായാമഷിയാൽ എഴുതിവെച്ച നിന്റെ പരിചിത ചിത്രമുണ്ടാവണം

പകരം വെക്കാനില്ലാതെ നീ എന്റെ അത്ഭുതങ്ങളുടെ മഹാപർവ്വതമാകുന്നു.
 ഇനിയുമെത്രയോ അറിയാനുള്ള വിസ്മയങ്ങളുടെ വലിയ മല.

 അനായാസേന നീ ചെയ്യുന്ന പലതും സത്യത്തിൽ അതികഠിനമാണെനിക്ക്. ക്ലേശകരമായി ഞാനത് പഠിക്കാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നു.

 പല പ്രശ്നസന്ദർഭങ്ങളിലും നിന്റെ സമീകരണങ്ങളുടെ ലാളിത്യത്തിൽ അമ്പരക്കുന്ന ഞാൻ അത് അനുകരിക്കാൻ വെമ്പുന്നു.

 നീ എന്ന സ്ത്രീയിൽ അമ്മയെയും മകളെയും സഹോദരിയെയും കാമുകിയെയും സുഹൃത്തിനെയും ഭാര്യയെയും ഒരുപോലെ കണ്ടു ഞാൻ സ്തബ്ധനാകുന്നു.
 ആ മധുരനിർവൃതി അനുഭവിച്ചറിയുന്നു. 

അടുക്കുമ്പോൾ അകലാതെ നീ അകലുമ്പോൾ ചേർത്തുനിർത്തി എന്നെ പകുത്തെടുക്കുന്നു.

 സ്വതേ അലസതയുടെ കട്ടിക്കമ്പളം പുതച്ച എനിക്ക് നിന്റെ കഠിനാധ്വാനം ശാസനയുടെ മൂർച്ചയാണ്.

നന്ദി.
 പകർനാട്ടങ്ങളിലൂടെ എന്നിൽ നിറയ്ക്കുന്ന അറിവനുഭൂതികൾക്ക്,
 എന്റേതല്ലാത്ത എന്റെ പ്രിയപ്പെട്ടവരെ ചേർത്തണയ്ക്കുന്നതിന്,
 എത്രയോ രുചിക്കൂട്ടുകളാലെ രസമുകുളങ്ങൾക്കേകുന്ന സമൃദ്ധ വിഭവങ്ങൾക്ക്,

നിന്റെ നന്മകൾക്ക് പകരം വെക്കാൻ എന്റെ സ്നേഹത്തിനാകുമോ എന്ന തീർച്ചയില്ല.

നമ്മുടെ മാത്രമായ ഈ വാർഷിക ദിനത്തിൽ 
ഏറെ സന്തോഷത്തോടെ,
ഒരുപാട് സ്നേഹത്തോടെ,
 ആയിരം
ആശംസകൾ