Monday, May 10, 2021

അൺ എയിഡഡും നിസ്സംഗതയും

 പ്രിയ ശ്രീപ, നിഷ,

 സാക്ഷരകേരളം നിങ്ങളോട് മാപ്പിരക്കേണ്ടതാണ്.

ഹനിക്കപ്പെട്ട അവകാശങ്ങൾക്കുവേണ്ടി ഉറച്ച ശബ്ദത്തിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനാണല്ലോ നിങ്ങൾക്ക് എതിരെയുള്ള പ്രതികാര നടപടി.

ഇത്രയെങ്കിലും പറയാതിരിക്കാൻ വയ്യ: ഞാനുൾപ്പെടുന്ന അൺ എയ്ഡഡ് അധ്യാപക സമൂഹം ഓരോ തവണ പരാജയപ്പെടുമ്പോഴും, നിങ്ങൾ വെറും രണ്ടാം തരക്കാരോ മൂന്നാം തരക്കാരോ ആണെന്ന് സ്വയം ബോധ്യപ്പെടുകയാണ്, ഓർമിക്കപ്പെടുകയാണ്. 

അൺ എയ്ഡഡ് സ്കൂൾ അധ്യാപകരെ സമൂഹം അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം.

 അല്ലെങ്കിൽ,

 പീഡിതർക്കു വേണ്ടി നിലകൊള്ളുന്ന നമ്മുടെ രണ്ടാമൂഴക്കാർക്ക് അവരുടെ പഴയ പ്രകടനപത്രികയിലെ നമുക്കുള്ള വാഗ്ദാനങ്ങൾ സൗകര്യപൂർവ്വം മറക്കാൻ കഴിയുമായിരുന്നില്ല.

 അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്ക് വേണ്ടി നിയമനിർമ്മാണം നടത്തുമെന്ന വാഗ്ദാനം കേട്ട് കോരിത്തരിച്ചു വോട്ടുകൾ നൽകിയശേഷം പകൽക്കിനാവുകൾ കണ്ടവരാ യിരുന്നല്ലോ നമ്മൾ.

വേണു കക്കട്ടിലും ബാലൻ മാസ്റ്ററും ഉണ്ണികൃഷ്ണൻ മാസ്റ്ററും അടക്കമുള്ള കെ യു എസ്‌ ടി യു സമുന്നത വ്യക്തിത്വങ്ങൾ ഇതിനായി അശ്രാന്തം പരിശ്രമിച്ച് തളർന്നിരിക്കുന്നു.


 നമുക്ക് ഇനിയുമിനിയും തല ഉയർത്താതെ നടക്കേണ്ടി വരും,

പ്രതികാര നടപടികൾ  ശബ്ദമില്ലാതെ സഹിക്കേണ്ടിവരും, തരംതാഴ്ത്തലുകൾ ആഹ്ലാദം നടിച്ച് സ്വീകരിക്കേണ്ടിവരും.ഇനിയും ഉണർന്നില്ലെങ്കിൽ.

 പൊതുജനങ്ങളോട് രണ്ടുവാക്ക്,

 ഇത്തരം കാര്യങ്ങളൊന്നും ഞങ്ങൾക്ക് പുത്തരിയല്ല ഏതൊരു അൺ എയിഡഡ് സ്കൂൾ അധ്യാപകനും വളരെ സാധാരണയായി അനുഭവിക്കുന്ന കാര്യങ്ങളിൽ ചിലതുമാത്രമാണ് ഇവ. പലരും പലതവണ ഉരുവിട്ടതിനാൽ വീണ്ടും അവയൊന്നും ഇവിടെ അക്കമിട്ടു നിരത്തുന്നില്ല.

 എന്തൊക്കെ അവകാശ ലംഘനങ്ങൾ ഒരു സംസ്കൃത സമൂഹത്തിൽ നടക്കുന്നില്ലെന്ന് നിങ്ങൾ കരുതുന്നുവോ അവയൊക്കെ ഞങ്ങൾ ദിനംപ്രതി അനുഭവിച്ചു സംതൃപ്തിയടയുന്നു.

 പലരും അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഉണ്ട് ഈ കൊറോണകാലത്തും അൺ എയ്ഡഡ് സ്കൂൾ അധ്യാപകർ എല്ലാ വർഷത്തെയും പോലെ  ദിവസവും ജോലി ചെയ്യുകയായിരുന്നു എന്നത്. ഓരോ ദിവസവും ഓരോ പിരീഡും അവർക്ക് ക്ലാസ് ഉണ്ടായിരുന്നു.വർക്ക് ഫ്രം ഹോം ആണെന്ന് മാത്രം പക്ഷേ ശമ്പളം മാത്രം പേരിന്.

 ഫീസ് പിരിക്കാൻ കഴിയുന്നില്ല എന്ന കാരണത്താൽ പല സ്ഥാപനങ്ങൾക്കും കാലിടറിയത് വിസ്മരിക്കുന്നില്ല, എന്നാൽ ചിലർ ഈ അവസരം പരമാവധി മുതലെടുത്തിട്ടുണ്ട്. ഒട്ടു മിക്ക സ്ഥാപനങ്ങളും പകുതി ശമ്പളം ആണ് നൽകിയത്:ചിലർ ശതമാനക്കണക്കിലും. സ്വതവേ വളരെ കുറഞ്ഞ സംഖ്യ പകുതി ആക്കിയാൽ ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. കൊറോണക്കാലത്ത് മാസം 2500 രൂപ മാത്രം ശമ്പളം വാങ്ങിയ അദ്ധ്യാപികയെ എനിക്ക് നേരിട്ടറിയാം. പലരും തന്റെ വരുമാനം തുറന്നുപറയാൻ ലജ്ജിക്കുന്നു.


 ഇക്കഴിഞ്ഞ ദിവസം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഏപ്രിൽ മാസത്തെ ശമ്പളം വൈകുന്നതിനെ പറ്റി അന്വേഷിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി "ഏപ്രിൽ മാസത്തെ ശമ്പളം ഞങ്ങൾ ആർക്കും കൊടുക്കാറില്ലല്ലോ" എന്നാണ് ഏപ്രിൽ 16 വരെ ജോലി ചെയ്തതിന്റെ കൂലിയാണ് ചോദിച്ചത് എന്ന് ഓർക്കണം.

 ചില സ്ഥാപനങ്ങൾ സ്റ്റാഫിനെ എണ്ണം കുറച്ചിട്ടുണ്ടത്രേ. ഇക്കാലമത്രയും തങ്ങളെ നിർലോപം സേവിച്ച പാവം അധ്യാപകരെ ഇങ്ങനെയൊരു ദുർഘട സാഹചര്യത്തിൽ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കൈവിട്ടു കളഞ്ഞതിന് ന്യായീകരണവുമുണ്ട്- സ്റ്റാഫിന്റെ എണ്ണം കുറയ്ക്കുന്നു.

 ഇവിടെയാണ് പതിയാരക്കര യിലെ അമൃത പബ്ലിക് സ്കൂൾ പോലുള്ള ചുരുക്കം ചില സ്ഥാപനങ്ങളുടെ പ്രസക്തി: ഈ പ്രതിസന്ധിഘട്ടത്തിലും തങ്ങളുടെ ജീവനക്കാരെ കൈവിടാതെ അവർക്ക് മുഴുവൻ ശമ്പളവും മുടങ്ങാതെ വിതരണം ചെയ്ത അത്തരം സ്ഥാപനങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്!

 ശ്രീപയും നിഷയും വെറും രണ്ട് വ്യക്തികളല്ല. വേട്ടയാടപ്പെ ടാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ഞങ്ങളുടെ തന്നെ പ്രതിനിധികളാണ്. സാംസ്കാരിക-രാഷ്ട്രീയ നേതൃത്വങ്ങളുടെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയും സഹായവും പരിരക്ഷയും ഞങ്ങൾക്ക് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു🙏

                             വിനീത് എസ്