Sunday, November 2, 2008

തച്ചോളി ഒതേനൻ/thacholi othenan

പത്തായത്തിലെ പഴയ കടലാസുകളും മറ്റും പരിശോധിക്കുന്നതിനിടയിലാണ്‌ ഭദ്രമായി കവറിലാക്കി സൂക്ഷിച്ച ആ കുറിപ്പുകൾ കിട്ടിയത്‌.'കടത്തനാടിന്റെ ചരിത്രശേഷിപ്പുകളിലൂടെ' എന്ന തലക്കെട്ടിൽ തുടങ്ങി ഒരു അഞ്ചു പത്തു പേജുകൾ നിറയെ ചെറു കുറിപ്പുകൾ.ഇക്കാലമത്രയും ഇതിവിടെയുള്ള കാര്യം തന്നെ മറന്നു പോയത്‌ എന്നെ അദ്ഭുതപ്പെടുത്തി.കാരണം അത്രയും കഠിനപ്രയത്നത്തിന്റെയും ആത്മാർപ്പണത്തിന്റെയും ഫലമായിരുന്നു അവയെന്നതു തന്നെ
അഞ്ചാറു വർഷം മുൻപാണ്‌......
സിരകളിലലിഞ്ഞ ദേശബോധത്തിന്റെ ലഹരി തന്ന അഹംഭാവത്തിൽ കടത്തനാടിന്റെ കഥയെഴുതാൻ ഞങ്ങൾ അഞ്ചു ചെറുപ്പക്കാർ ഇറങ്ങിപ്പുറപ്പെട്ടു!.അന്വേഷണങ്ങളും തിരിച്ചറിവുകളും ഞങ്ങളെ ടി എഛ്‌ കുഞ്ഞിരാമൻ നമ്പ്യാരുടെ അടുത്തെത്തിച്ചു.(വടക്കൻ പാട്ടുകളുടെ ശേഖരണം,പഠനം എന്നിവയ്ക്ക്‌ കേരള സംഗീത നാടക അക്കാദമി അവാർഡ്‌ നൽകി ആദരിച്ച അതേ ടി എഛ്‌ തന്നെ.)പ്രായത്തിന്റെ അവശതകൾ കൊണ്ട്‌ അൽപം പ്രയാസപ്പെട്ടിരുന്നെങ്കിലും ടി എഛ്‌ ഒരുപാട്‌ സംസാരിച്ചു.........
പഴയ നാട്ടാചാരങ്ങൾ,
ഓലാമ്പലത്തെ നാട്ടുക്കൂട്ടങ്ങൾ,
പുതിയാപ്പ്‌ കുഞ്ഞാംകുഴിയിലെ വധശിക്ഷ,
രാവാരി*കളുടെ വരവും ലോകനാർകാവിന്റെ ഉദ്ഭവവും,
കറ തീർന്ന ദേശസ്നേഹിയായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ പരാക്രമങ്ങൾ,
ടിപ്പുവിന്റെ പടയോട്ടം.........,
കണ്ടും തൊട്ടും അനുഭവിച്ചും ഞങ്ങളറിഞ്ഞിരുന്ന നാട്‌ അദ്ദേഹത്തിന്റെ വാക്കുകളിൽ മറ്റൊന്നായി മാറി.അവിടെ രാജാക്കന്മാരും പടനായന്മാരും വിഹരിച്ചു.തമ്പുരാക്കന്മാർ ഉടയോരായി...അടിയാളന്മാർ അയിത്തപ്പാട്‌ താണ്ടി!കടത്തനാട്ടിലെ പതിനെട്ട്‌ തറകളിലേക്കും ഞങ്ങൾ വിരുന്നിനു പോയി!മുക്കണ്ണന്റെ ഇരു കണ്ണുള്ള പ്രതിഷ്ഠ ഇരിങ്ങണ്ണൂരിൽ കണ്ടു! അങ്ങനെയങ്ങനെ,
ആ വിജ്ഞാനഭണ്ഡാരത്തിനു മുന്നിൽ മൂന്നു നാലു മണിക്കൂറോളം സർവ്വം മറന്നു ഞങ്ങളിരുന്നു പോയി!ഉദ്ദേശിച്ച പ്രവൃത്തിക്ക്‌ വർദ്ധിതോർജ്ജവുമായാണ്‌ അവിടെ നിന്നും ഇറങ്ങിയത്‌.പിന്നീട്‌ പല സ്ഥലങ്ങളും ചരിത്രബാക്കികളും സന്ദർശിക്കുകയും കുറിപ്പുകളെടുക്കുകയും ചെയ്തിരുന്നു.
ഈ ജോലികൾ എപ്പോഴോ മറ്റു തിരക്കുകൾക്ക്‌ വഴി മാറി.
സാവധാനം ജീവിതം ഞങ്ങൾ അഞ്ചു പേരെയും അഞ്ചു വഴിയിലെത്തിച്ചു:നിജുലാൽ റിയൽ എസ്റ്റേറ്റ്‌-സ്റ്റോക്ക്‌ മാർക്കറ്റ്‌ ബിസിനസ്സിൽ,നിമിഷങ്ങൾക്ക്‌ ആയിരങ്ങളുടെ വിലയുമായി ഓടിനടക്കുന്നു.സൂരജ്‌ പി രാജൻ കണ്ണൂർ എൻജിനീയറിംഗ്‌ കൊളേജിൽ സ്റ്റാഫായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.അജീഷ്‌ ബി കുറുപ്പ്‌ സിനിമാ-സീരിയൽ മേഖലയിൽ തിരക്കുള്ള ക്യാമറാ അസിസ്റ്റന്റായി.ബിജേഷ്‌ കുമാർ ജീവിതത്തിൽ വ്യത്യസ്ത മേഖലകളിൽ പയറ്റിത്തെളിഞ്ഞ്‌ ഒടുക്കം തന്റെ തട്ടകം അധ്യാപനമാണെന്ന് തിരിച്ചറിഞ്ഞ്‌ നാട്ടിൽതന്നെ ഒരു എയ്ഡഡ്‌ സ്കൂളിൽ പഠിപ്പിക്കുന്നു.ഇദ്ദേഹം ഒരു ബ്ലോഗർ കൂടിയാണ്‌:മാഹിഷ്മതി എന്ന പേരിൽ! ഈ ഞാൻ ഇങ്ങനെ ഓരോ തട്ടു മുട്ടു പരിപാടികളുമായി ജീവിക്കുന്നു....

ഒരുപാടൊരുപാട്‌ കഥകൾ ആ കുറിപ്പുകൾക്ക്‌ പറയാനുണ്ട്‌! അതിലൊന്നു മാത്രം ഇപ്പോൾ ബൂലോഗ സമക്ഷം സമർപ്പിക്കട്ടെ!!
ഞങ്ങളുടെ നാട്ടിൽ മുത്തശ്‌ശിമാർ കുട്ടികൾക്ക്‌ ബുദ്ധിയുറക്കുന്ന പ്രായം മുതൽ പറഞ്ഞുകൊടുക്കുന്ന വീരകഥകളിലൊന്ന് തച്ചോളി ഒതേനക്കുറുപ്പിന്റേതാണ്.....
തച്ചോളി ഒതേനൻ
പുതുപ്പണം ദേശവാഴിയായിരുന്ന ചീനംവീട്ടിൽ തങ്ങൾക്ക്‌ തച്ചോളി മാണിക്കോത്ത്‌ ഒരു സംബന്ധമുണ്ടായിരുന്നു:മാണിക്കോത്ത്‌ ഉപ്പാട്ടിയമ്മയുമായി.ചീനംവീട്ടിൽ തങ്ങൾ ,പുതുപ്പണം വാഴുന്നവർ എന്നാണ് അറിയപ്പെട്ടിരുന്നത്.പുതുപ്പണം വാഴുന്നവർക്ക്‌ ഉപ്പാട്ടിയമ്മയിലുണ്ടായ മകനാണ്‌ ഒതേനൻ...!കോമപ്പനും ഉണിച്ചാറയുമായിരുന്നു ഉപ്പാട്ടിയമ്മയുടെ മറ്റു രണ്ടു മക്കൾ.ഉപ്പാട്ടിയമ്മ ഒരു സാധുസ്ത്രീ ആയിരുന്നിരിക്കണം;പുതുപ്പണം വാഴുന്നവരുടെ ധനസമ്പത്ത്‌ മണിക്കോത്തെ പടി കടന്നു വന്നില്ല.തെങ്ങോല വിറ്റും തെങ്ങിൻ മടലു വിറ്റും മറ്റുമായിരുന്നു അന്നന്നത്തെ വക ഉണ്ടാക്കിയിരുന്നത്‌!മാണിക്കോത്തെ പറമ്പോ,കുന്നോൻ കണ്ണക്കുറുപ്പ്‌ എന്ന കണ്ണിൽചോരയില്ലാത്ത ജന്മി പാട്ടത്തിനെടുത്തിരിക്കുകയായിരുന്നു.ഒരിക്കൽ കൂട്ടിയിട്ട തേങ്ങകളിൽ നിന്ന് ഒരു തേങ്ങ അരയ്ക്കാനെടുത്തതിന്‌ കണ്ണക്കുറുപ്പ്‌ തെങ്ങിൻ കുലച്ചിൽ കൊണ്ട്‌ ഉപ്പ്പ്പാട്ടിയമ്മയെ എറിഞ്ഞു.ഗർഭിണിയായിരുന്ന ഉപ്പാട്ടിയമ്മയുടെ നിറവയറിലാണ്‌ ഏറ്‌ കൊണ്ടത്‌.അതിനാലാവണം ജന്മനാ ഒതേനന്‌ ഇടത്തേ വാരിയിൽ ഒരു വടു ഉണ്ടായിരുന്നു!
ഈ വടു എന്താണെന്ന മകന്റെ ചോദ്യത്തിന്‌ പിൽക്കാലത്ത്‌ ഉപ്പാട്ടിയമ്മ ഉത്തരം നൽകി.തങ്ങളുടെ ദയനീയാവസ്ഥ ഒതേനന്‌ മനസ്സിലായി കൂടാതെ സ്വന്തം പിതാവിനെക്കുറിച്ചും. അന്ന് ഒതേനന്‌ പ്രായം എട്ടു വയസ്സ്‌!എടുത്തുചാട്ടക്കാരനായിരുന്ന കുഞ്ഞൊതേനൻ ഉടൻ തന്നെ ഏട്ടൻ കോമപ്പക്കുറുപ്പിനെയും കൂട്ടി പുതുപ്പണം വാഴുന്നിടത്തേക്കു പുറപ്പെട്ടു. നല്ല സ്വീകരണമാണ്‌ വാഴുന്നിടത്തു നിന്നും കുട്ടികൾക്ക്‌ ലഭിച്ചത്‌.സന്താന ഭാഗ്യമില്ലാതിരുന്ന വാഴുന്നവരുടെ ധർമ്മപത്നി കുഞ്ഞൊതേനനെ കണ്ടമാത്രയിൽ തിരിച്ചറിഞ്ഞു.തമ്പുരാന്റെ തനിസ്വരൂപമായിരുന്നു കുഞ്ഞൊതേനൻ! ഒതേനൻ തമ്പുരാനോട്‌ ആദ്യമായി ആവശ്യപ്പെട്ടത്‌ ഒരു വാളിനാണ്‌;കോമപ്പൻ കുന്തത്തിനും.രണ്ടും തമ്പുരാൻ പണിയിച്ചു കൊടുത്തു.ഇവ കൂടാതെ ഒതേനന്‌ ഒരു ഉറുക്കും തണ്ടും തമ്പുരാൻ നൽകുകയുണ്ടായി:ഈ ഉറുക്കും തണ്ടുമാണത്രേ ജീവിതകാലം മുഴുവൻ ആയുധഭീതിയിൽ നിന്നും ഒതേനനെ കാത്തു രക്ഷിച്ചത്‌.
ഇവിടം മുതലാണ്‌ തച്ചോളി ഒതേനൻ എന്ന ധീരയോദ്ധാവിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്‌!
മെയ്ക്കരുത്തും ചങ്കുറപ്പും ആയോധനവൈഭവവും പിന്നെ അൽപം(അൽപമല്ല)വിഷയാസക്തിയും,കൂടെ ഏച്ചിലാട്ട്‌ കണ്ടാച്ചേരി ചാപ്പന്റെ ആത്മാർത്ഥസൗഹൃദവും ഒന്നിച്ചു ചേർന്നപ്പോൾ,കാര്യങ്ങൾ:
'തൂളി വലുപ്പമുള്ള മീൻ കണ്ടാലുംതോലു
വെളുത്ത പെണ്ണിനെ കണ്ടാലും'- തച്ചോളിക്കുറുപ്പ്‌ കൈവശപ്പെടുത്തുമെന്നു നാട്ടുകാരെക്കൊണ്ടു പറയിപ്പിച്ച നിലയിലെത്തി!!(ചീനം വീട്‌ തങ്ങൾക്ക്‌ അടിച്ചു തളിക്കാരിയിലുണ്ടായ മകനാണ്‌ കണ്ടാച്ചേരി ചാപ്പൻ)
നാട്ടിലെങ്ങും സംബന്ധവും കുടിപ്പകയുടെ പേരിലുള്ള കൊല്ലും കൊലയും മുൻകോപവും വാശിയും സർവ്വോപരി അംഗോപാംഗസൗഭഗവും കഥാനായകനെ ജനങ്ങളുടെ ആരാധ്യപുരുഷനാക്കി മാറ്റി.
ഇതിനിടയിൽ,കാവിൽ ചാത്തോത്ത്‌ മാതയി അമ്മ തന്റെ മകളായ കുഞ്ഞിക്കുങ്കിയെ ഒതേനനെക്കൊണ്ടു വിവാഹം കഴിപ്പിക്കാൻ ആഗ്രഹിച്ചു.അവർ കോമപ്പക്കുറുപ്പിനെ ചെന്നു കണ്ടു.വിവരമറിഞ്ഞ ഒതേനൻ,കുട്ടിക്കാലത്ത്‌ കുങ്കിയെ കണ്ട ഓർമ്മ വച്ച്‌ ഇങ്ങനെ പറഞ്ഞു:
"കാക്കേനെപ്പോലെ കറുത്ത ചീരു
ചക്കച്ചൊളപ്പല്ലുംപേൻതലയും
എനക്കിന്നക്കുങ്കീനെ വേണ്ടേന്റേട്ടാ
അച്ഛനുമമ്മയ്ക്കും വേണ്ടേങ്കില്
വടകര പൊക്കപ്പൻ ചോനകന്
കുപ്പയമിട്ടാറ്റാനയച്ചേക്കട്ടെ,
കൊപ്പര കാക്ക്വേനങ്ങായിക്കോട്ടെ!"
ഏറെക്കഴിയാതെ ഒരിക്കൽ ലോകനാർകാവ്‌ ചിറയിൽ കുളിക്കുന്ന കുഞ്ഞിക്കുങ്കിയെ കണ്ട്‌ അനുരാഗബദ്ധനായി ഒതേനൻ.ആളെ മനസ്സിലായപ്പോഴാണ്‌ പറ്റിയ അബദ്ധം എത്ര ഭീമമാണെന്നു ബോദ്ധ്യമായത്‌;അപ്സരസ്സുപോൽ സുന്ദരിയായിരുന്നത്രേ കുഞ്ഞിക്കുങ്കി.
തന്നെ തള്ളിപ്പറഞ്ഞ കുങ്കിയുടെ മനസ്സുനേടിയെടുക്കാൻ അയാൾക്ക്‌ ഏറെ വിയർക്കേണ്ടിവന്നു!
ചാപ്പന്റെ സഹായത്താൽ,തച്ചോളിപ്പൊട്ടനായി അഭിനയിച്ച്‌ കാവിൽ ചാത്തോത്ത്‌ കയറിക്കൂടി കുറേ പ്രയാസപ്പെട്ടാണ്‌ കുങ്കിയുടെ മനസ്സ്‌ മാറ്റാനും അവളെ ധർമ്മപത്നിയായിസ്വീകരിക്കാനും സാധിച്ചത്‌!
ഒതേനന്‌ കുങ്കിയിലുണ്ടായ ഏക സന്താനമാണ്‌ തച്ചോളി അമ്പാടി!

മുപ്പത്തിരണ്ട്‌ വയസ്സിനിടയിൽ അറുപത്തിനാലു പട ജയിക്കാൻ കുറുപ്പിനെ ഏറെ സഹായിച്ചത്‌ വിശേഷപ്പെട്ട ഒരു കടത്തനാടൻ അടവാണ്‌:'പൂഴിക്കടകൻ'!പൂഴിക്കടകൻ പഠിക്കാനിടയായതോ,പയ്യനാട്‌ ചിണ്ടൻ നമ്പ്യാരുമായുള്ള അങ്കവും!
ചിണ്ടൻ നമ്പ്യാരുമായി അങ്കം കുറിച്ചതറിഞ്ഞ കോമപ്പക്കുറുപ്പ്‌ അങ്കം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു.ചിണ്ടൻ നമ്പ്യാരുടെ കരുത്തും അഭ്യാസചാതുരിയും എത്രയെന്ന് കോമപ്പക്കുറുപ്പിന്‌ അറിയാമായിരുന്നു.ഒതേനനെ അനുനയിപ്പിച്ച്‌ പൊന്നും സമ്മാനങ്ങളുമായി ചിണ്ടൻ നമ്പ്യാരുടെ കാൽക്കൽ മാപ്പ്‌ പറയിപ്പിക്കുക പോലും ചെയ്തു കോമപ്പക്കുറുപ്പ്‌!
പക്ഷേ,അവിടെ വച്ചും അപമാനിച്ച ചിണ്ടൻ നമ്പ്യാരെ വധിക്കുമെന്ന് വീണ്ടും പ്രതിജ്ഞ ചെയ്താണ്‌ ഒതേനൻ തിരിച്ചു വന്നത്‌.
ഒതേനന്റെ അങ്കക്കലിയും വീര്യവുമൊന്നും ചിണ്ടൻ നമ്പ്യാരെ ജയിക്കാൻ മതിയാവില്ലെന്നു നന്നായറിയാമായിരുന്ന കോമപ്പക്കുറുപ്പ്‌ പയ്യംവെള്ളി ചന്തുവിനു മാത്രമറിയുന്ന ആ രഹസ്യവിദ്യ അഭ്യസിക്കാൻ അനുജനെ അയച്ചു. കോമപ്പക്കുറുപ്പിന്റെ സുഹൃത്തായിരുന്ന് പയ്യം വെള്ളി ചന്തു സസന്തോഷം ഒതേനനെ പൂഴിക്കടകൻ പഠിപ്പിക്കുകയും ചെയ്തു.
ചിണ്ടൻ നമ്പ്യാരെ പൂഴിക്കടകനിലൂടെയാണ്‌ ഒതേനൻ വധിച്ചത്‌!

ഒതേനന്റെ ഇഷ്ടദേവതയായിരുന്നു ലോകനാർകാവിലമ്മ.നാട്ടുപ്രമാണിയെന്ന നിലയിൽ ക്ഷേത്രത്തിൽ പല കാര്യങ്ങളും ഒതേനൻ ചെയ്യിച്ചിട്ടുണ്ട്‌.കാവിൽ നടയിൽ ഇന്നും കാണുന്ന ആനയുടെ പ്രതിമ ഒതേനന്റെ വഴിപാടാണ്‌.ദുശ്‌ശാഠ്യക്കാരനും താൻപോരിമക്കാരനുമായ ഈ പുത്രന്റെ പല കന്നത്തരത്തിനും സ്നേഹവാൽസല്യത്തോടെ കാവിലമ്മ കൂട്ടുനിൽക്കുന്ന സന്ദർഭങ്ങൾ വടക്കൻ പാട്ടിൽ സുലഭമാണ്‌.

സ്ത്രീ വിഷയാസക്തി തന്നെയാണ്‌ ഒതേനന്റെ മരണകാരണമെന്നും പറയാം.കൂടെ അന്തിയുറങ്ങുകയായിരുന്ന ഒതേനന്റെ ഉറുക്കും തണ്ടും കയ്യെണ്ണ്യെടത്തിലെ തേയി അഴിച്ചെടുത്തു!മതിലൂർ ഗുരുക്കളുടെ നിർദ്ദേശപ്രകാരമാണ്‌ തേയി അത്‌ ചെയ്തത്‌.

ജാതിയിൽ കുഞ്ചാരനായ ഗുരുക്കളെ ഉപചാരം ചെയ്കയില്ലെന്ന ഒതേനന്റെ വാശിയും,കാവിലെ വേലയ്ക്ക്‌ ഒതേനൻ കെട്ടിച്ച പന്തലിനെക്കുറിച്ചുള്ള ഗുരുക്കളുടെ പരിഹാസവുമാണ്‌ ഒരങ്കത്തിലേക്ക്‌ ഇരുവരെയും എത്തിച്ചത്‌!സ്വന്തം ഗുരുക്കളുമായി ഒതേനൻ അങ്കം കുറിച്ചത്‌ എല്ലാവരെയും അങ്കലാപ്പിലാക്കി.

മതിലൂർ ഗുരുക്കളുമായുള്ള അങ്കം..... ഒതേനന്റെ അവസാനത്തെ അങ്കം!!!ബന്ധുക്കളും സുഹൃത്തുക്കളും എന്തിന്‌ കാവിലമ്മയുടെ അരുളപ്പാടു പോലും പൊന്നിയത്ത്‌ അങ്കത്തിന്‌ പോകുന്നതിൽ നിന്ന് ഒതേനനെ വിലക്കി.
കുംഭ മാസം 9,10,11 ദിവസങ്ങളായിരുന്നു അങ്കത്തീയതികൾ.ഓല അയച്ച്‌ നാടുവാഴികൾ,തമ്പുരാക്കന്മാർ തുടങ്ങി കുഞ്ഞാലിമരയ്ക്കാർ,പയ്യം വെള്ളി ചന്തു മുതലായ എല്ലാവരെയും അങ്കത്തിനു ക്ഷണിച്ചിരുന്നു.
പടപ്പുറപ്പാട്‌ തുടങ്ങിയപ്പോഴാണ്‌ ഉറുക്കും തണ്ടും നഷ്ടപ്പെട്ടിരിക്കുന്നു എന്ന സത്യം ഒതേനൻ മനസ്സിലാക്കിയത്‌!
കയ്യെണ്ണ്യെടത്തിലെ തേയിയുടെ അടുത്തേക്ക്‌ ചാപ്പനെ അയച്ചെങ്കിലും നിരാശനായാണ്‌ ചാപ്പൻ മടങ്ങിയെത്തിയത്‌!തന്നെ ചതിച്ച തേയിയോട്‌ പ്രതികാരം ചോദിക്കാനും ഉറുക്കും തണ്ടും വീണ്ടടുക്കാനും ഒതേനന്‌ സമയവുമില്ലായിരുന്നു...

പ്രാർത്ഥനയോടെ മുഹൂർത്തച്ചോറ്‌ ഉണ്ണാനിരുന്ന ഒതേനന്‌ ആദ്യത്തെ ഉരുളയിൽ കരിക്കട്ടയും രണ്ടാമത്തേതിൽ കല്ലും മൂന്നാമത്തേതിൽ തലമുടിയുമാണ്‌ കിട്ടിയത്‌!
മുഹൂത്തച്ചോറ്‌ ഉണ്ടില്ല....
പടയ്ക്കു പുറപ്പെടുന്നതിന്ന് മുൻപ്‌ ലോകനാർകാവിലെത്തി നട തുറപ്പിച്ചു.ഉടനെ ഭഗവതിയുടെ അരുളപ്പാടുണ്ടായി:പൊന്നിയം പടയ്ക്കു പോകരുതെന്നും ജാതകത്തിൽ പിഴവുണ്ടെന്നും വെളിച്ചപ്പാട്‌ ഉറഞ്ഞുപറഞ്ഞു.
ഒതേനൻ ക്ഷുഭിതനായി.ഒടുവിൽ,കാവിലമ്മയും പുതിയ കോലോത്ത്‌ ഭഗവതിയും പക്ഷികളായി പൊന്നിയത്ത്‌ അരയാലിൻമീതേ വരുമെന്നും പക്ഷികളെ കണ്ടാൽ മാത്രം അങ്കത്തട്ടിൽ ഇറങ്ങുക എന്നും വെളിച്ചപ്പാട്‌ അരുളിച്ചെയ്തു!

പടയ്ക്ക്‌ എല്ലാവരും പൊന്നിയത്തെത്തി.ഒതേനൻ ആൽത്തറയിലിരുന്നു.അൽപസമയം കഴിഞ്ഞപ്പോൾ,പച്ചയും ചുവപ്പും നിറത്തിൽ രണ്ടു പക്ഷികളെ തന്റെ ഇടത്തും വലത്തും കണ്ടു.
ഉടൻ പടവിളി മൂന്നു വിളിച്ച്‌ അങ്കത്തിനിറങ്ങിയ ഒതേനൻ അതിഭയങ്കരവും അതിഘോരവുമായ യുദ്ധത്തിൽ മതിലൂർ ഗുരുക്കളെ അരിഞ്ഞുവീഴ്ത്തി....

വിജയഭേരി മുഴക്കി കൂട്ടത്തോടൊപ്പം മടങ്ങിയ ഒതേനൻ,പകുതിക്കു വച്ച്‌ തന്റെ കഠാര അങ്കത്തട്ടിൽ വച്ചു മറന്നുപോയതായി മനസ്സിലാക്കി.തിരിച്ചു പടനിലത്തേക്ക്‌ പോകുന്നതിൽനിന്ന് എല്ലാവരും വിലക്കിയെങ്കിലും വകവെക്കാതെ ഒതേനൻ അങ്കത്തട്ടിലെത്തി.
മടിയായുധമെടുത്തു മടങ്ങാനൊരുങ്ങുമ്പോൾ മായൻകുട്ടി എന്നു പേരായ,മതിലൂർ ഗുരുക്കളുടെ ഒരു ശിഷ്യൻ വരമ്പിൽ പതിയിരുന്ന് വെടിവെച്ചു.നെറ്റിത്തടത്തിൽ വെടി കൊണ്ടെങ്കിലും ക്ഷണത്തിൽ ഉറുമിയെറിഞ്ഞ്‌ ഒതേനൻ മായൻകുട്ടിയെ രണ്ടു കഷ്ണമാക്കി!(അതല്ല ഒരു പുള്ളുവൻ അമ്പെയ്താണ്‌ മായൻകുട്ടിയെ കൊന്നതെന്നും ഒരു പക്ഷമുണ്ട്‌)
********************************
മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നത്‌,കൊല്ലവർഷം759-മിഥുനമാസത്തിലായിരുന്നു ഈ വീരപുരുഷന്റെ ജനനം എന്നാണ്‌.മുപ്പത്തിരണ്ട്‌ വർഷങ്ങൾക്കിപ്പുറം,791കുംഭം 9-ന്‌ ഇദ്ദേഹം ചരമഗതി പ്രാപിക്കുകയും ചെയ്തു..ഒതേനന്റെ അനന്തിരവന്മാരായ കുഞ്ഞിക്കേളു,ചന്തു എന്നിവരെപ്പറ്റിയും പാട്ടുകളുണ്ട്‌.അവർക്കു ശേഷം പ്രശസ്തിയാർജ്ജിച്ച പടയാളികൾ തച്ചോളി വീട്ടിലുണ്ടായിട്ടില്ല.പിൽക്കാലത്തുണ്ടായ സാമൂഹികമായ ചില ഘടകങ്ങളും ഈ മാറ്റത്തിനുപിന്നിലുണ്ടായിരിക്കാം..ഏതായാലും,കടത്തനാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ആ അജയ്യനായ കളരിയഭ്യാസിയുടെ സ്മരണ മലയാള ഭാഷ ഉള്ളിടത്തോളം കാലം അല്ലെങ്കിൽ ഒരു കാലഘട്ടത്തിന്റെ ചോരത്തുടിപ്പായിരുന്ന വടക്കൻ പാട്ടുകളുടെ ഊഷ്മളത നെഞ്ചേറ്റാൻ ഒരു കുട്ടിയെങ്കിലും തയ്യാറാകുന്ന കാലത്തോളം നിലനിൽക്കുമെന്നതിൽ സംശയം വേണ്ട....!
*ഉദ്ദേശം 1300 വർഷങ്ങൾക്ക്‌ മുൻപ്‌ ഉത്തരേന്ത്യയിൽ നിന്നും ചില വൈശ്യപ്രമാണിമാർ വ്യാപാരാർഥം പുറപ്പെട്ട്‌ തെക്കൻ കൊല്ലത്ത്‌ എത്തി. കുറച്ചു കാലങ്ങൾക്കു ശേഷം ഇവർ അവിട്ത്തെ രാജാവുമായി എന്തോ നികുതി പ്രശ്നം മൂലം തെറ്റി വടക്കെ മലബാറിലേക്കു കുടിയേറി.അവർ പല സംഘങ്ങളായാണ്‌ വന്നത്‌.അതിലൊരു സംഘമാണ്‌ ലോകനാർകാവ്‌ ദേവീക്ഷേത്രം നിർമ്മിച്ചതെന്നാണ്‌ ഐതിഹ്യം.ഇവർ വ്യാപാരി നായന്മാർ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.വ്യാപാരി നായന്മാർ എന്നത്‌ ലോപിച്ച് രാവാരി നായന്മാർ എന്നായിത്തീരുകയും ചെയ്തു.

വാൽക്കഷ്ണം:കഴിഞ്ഞ ദിവസം തച്ചോളി മാണിക്കോത്ത്‌ തറവാട്‌ സന്ദർശിക്കുവാനും,ഒതേനന്റെ പിന്മുറക്കാരിയയ ശ്രീമതി ദേവകിയമ്മയുമായി സംസാരിക്കുവാനും എനിക്കു യാദൃശ്ചികമായി സാധിച്ചു.മാണിക്കോത്ത്‌ ക്ഷേത്രത്തിൽ പോകണമെന്നും അവിടെ സൂക്ഷിച്ച ഒതേനന്റെ വാളും പീഠവും മറ്റും ഒന്നു കാണണമെന്നുമാണ്‌ ആദ്യം വിചാരിച്ചിരുന്നത്‌.ചരിത്രാന്വേഷികളും തീർത്ഥാടകരും വിദേശികൾ പോലും തേടിപ്പിടിച്ചെത്തുന്ന ഈ ചരിത്രശേഷിപ്പിന്റെ ഇന്നത്തെ അവസ്ഥ എന്നെ വളരെയേറെ അസ്വസ്ഥനാക്കി.കാടുപിടിച്ചു കിടക്കുന്ന മുറ്റവും ക്ഷേത്രവും മറ്റനുബന്ധവസ്തുക്കളോടുമൊപ്പം വിജനതയും നിശ്‌ശബ്ദതയും മാത്രം എന്നെ സ്വീകരിച്ചു.
അങ്ങനെയാണ്‌ തേടിപ്പിടിച്ച്‌ മാണിക്കോത്ത്‌ തറവാട്ടിലെത്തുന്നത്‌.ദേവകിയമ്മ ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞു തന്നു.ഈ കടത്തനാട്ടിൽ ജനിക്കുന്ന ഏതൊരു കുട്ടിയും കേൾക്കുന്നവ തന്നെ...കൂട്ടത്തിൽ ചില പുതിയ കഥകളും..
ഒതേനൻ,കോമപ്പക്കുറുപ്പ്‌,അനന്തിരവൻ കേളുക്കുറുപ്പ്‌,ചാപ്പൻ എന്നിവരുടെ സങ്കൽപം കൂടാതെ മായൻ‌കുട്ടിയെ വധിച്ച പുള്ളുവന്റെ സങ്കൽപവും ഇവിടെ ക്ഷേത്രത്തിലുണ്ട്‌.
എല്ലാ വർഷവും കുംഭം 10,11 തിയ്യതികളിലാണ്‌ ഇവിടെ തിറയുത്സവം നടക്കുന്നത്‌.വടകര പഴയ ബസ്‌സ്റ്റാന്റിൽ നിന്നും നടക്കാനുള്ള ദൂരമേ മാണിക്കോത്ത്‌ അമ്പലത്തിലേക്ക്‌ ഉള്ളൂ.